ഇന്ന് മുതൽ വടക്കൻ ഗാസയിൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ

A four-hour daily ceasefire in northern Gaza from today

വടക്കൻ ഗാസയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ. തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കർബിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഒരുപോലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത്. അൽ ശിഫ, അൽ നാസർ ആശുപത്രികൾക്ക് സമീപവും ഇന്ന് ആക്രമണം നടത്തി. ജബാലിയ ക്യാമ്പിലെ ആക്രമണത്തിൽ മാത്രം ഇന്ന് കൊല്ലപ്പെട്ടത് 20ലേറെ പേരാണ്. തെക്കും വടക്കും ഒരേപോലെ ആക്രമണം നടക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് 2,500ലേറെ പേരാണ്. ആശുപത്രികളിൽ ഇന്ധനമില്ലാത്തതിനാൽ പലയിടത്തും മൊബൈൽ വെളിച്ചത്തിലാണ് ശസ്ത്രക്രിയ. അനസ്ത്യേഷ്യ ഉൾപ്പെടെ ലഭ്യമല്ല. അതേസമയം, വടക്കൻ ഗാസയുടെ നിയന്ത്രണം പിടിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, കരയുദ്ധത്തിൽ ഒരു ഇസ്രായേൽ സൈനികൻകൂടി കൊല്ലപ്പെട്ടു. ഗാസയിൽ മരണം 10,500 കവിഞ്ഞിരിക്കുകയാണ്.

അതിനിടെ, വെസ്റ്റ് ബാങ്കിൽ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ അതിക്രമത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 172 ആയിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ റെയ്ഡിൽ ഒമ്പത് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായാണ് ഇസ്രായേൽ സേന അറിയിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *