ദോഹ: ലോക രാജ്യങ്ങളുടെ നേതാക്കളും മന്ത്രിമാരും നയതന്ത്ര വിദഗ്ധരും ശാസ്ത്ര -സാങ്കേതിക പ്രതിഭകളും എഴുത്തുകാരും ചിന്തകരും സംഗമിക്കുന്ന ദോഹ ഫോറത്തിന് ശനിയാഴ്ച തുടക്കം. എല്ലാ വർഷങ്ങളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളും നയരൂപകർത്താക്കളും ഒരു വേദിയിൽ ഒത്തുചേർന്ന് സമകാലിക രാഷ്ട്രീയ -പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദോഹ ഫോറത്തിന്റെ 22ാമത് പതിപ്പിനാണ് ഇത്തവണ രാജ്യ തലസ്ഥാനം വേദിയൊരുക്കുന്നത്. ശനി,ഞായർ ദിവസങ്ങളിലായി ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടൽ വേദിയാകുന്ന ഫോറത്തിൽ 150 രാജ്യങ്ങളിൽനിന്നായി 4500ലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹ അൽ കുവാരി കഴിഞ്ഞ ദിവസം അറിയിച്ചു.
