ദുബൈ: 12ാം ക്ലാസ് വിദ്യാർഥികൾക്ക് സർവകലാശാല പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തിയിരുന്ന എമിറേറ്റ് സ്റ്റാന്റഡൈസ്സ് ടെസ്റ്റ് (ഇ.എം സാറ്റ്) വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പകരം പുതിയ പ്രവേശന മാനദണ്ഡങ്ങൾ മന്ത്രാലയം നടപ്പാക്കിയതായി ഗവൺമെന്റ് മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു.അതോടൊപ്പം മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത പരീക്ഷയിലെ മുഴുവൻ വിഷയങ്ങളിലും നേടിയ മാർക്കിനെക്കാൾ സയൻസ് വിഷയത്തിൽ നേടിയ മാർക്കിനായിരിക്കും മുൻഗണന. നേരത്തേ പൊതു, സ്വകാര്യ സ്കൂളുകളിലെ ഇമാറാത്തികളായ 12 ക്ലാസ് വിദ്യാർഥികൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലവുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പഠിക്കുന്ന പൗരന്മാരല്ലാത്ത വിദ്യാർഥികൾക്കും യൂനിവേഴ്സിറ്റി പ്രവേശനത്തിന് ഇ.എം സാറ്റ് പരീക്ഷ നിർബന്ധമായിരുന്നു.
