അബുദാബി : യുഎഇയിൽ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ. വർധിച വിമാന നിരക്ക് കുറയാത്തതുമൂലം പ്രവാസി കുടുംബങ്ങൾ നാട്ടിൽ തുടരുന്നതാണ് ഇതിന് കാരണം ഇതുമൂലം വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ക്ലാസുകളാണ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നില കുറവ് സാധാരണ സെപ്റ്റംബർ ആദ്യവാരം പിന്നിട്ടാൽ നിരക്ക് കുറയാറുണ്ട്. എന്നാൽ രണ്ടാംവാരത്തിലെത്തുന്ന ഓണം മുന്നിൽക്കണ്ട് നാട്ടിലേക്കു പോയി വരുന്നവരെ കൂടി ലക്ഷ്യമിട്ട് എയർലൈൻ ഓൺലൈൻ ടിക്കറ്റ് നിരക്കു കൂട്ടിവച്ചിരിക്കുകയാണ് ഈ മാസം 20നു ശേഷമേ നിരക്കിൽ കാര്യമായ കുറവുണ്ടാകൂ എന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന അപ്പോഴേക്കും വിദ്യാർഥികൾക്ക് ഏതാണ്ട് ഒരു മാസത്തെ ക്ലാസ് നഷ്ടപ്പെടുമെന്ന വേവലാതിയിലാണ് രക്ഷിതാക്കളും കുട്ടികളും
മധ്യവേനൽ അവധിക്കുശേഷം ഓഗസ്റ്റ് 26ന് യുഎഇയിലെ സ്കൂളുകൾ തുറന്നിരുന്നു അന്ന് ഭൂരിഭാഗം ക്ലാസുകളിലും ഹാജർ നില കുറവായിരുന്നു. 40 ശതമാനം വിദ്യാർഥികൾ എത്തിയിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ 10 ശതമാനം പേർ കൂടി എത്തിയെങ്കിലും തിരിച്ചെത്താത്തവർ വളരെ കൂടുതലാണ്. 75 % ഹാജരുണ്ടെങ്കിലേ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തൂ എന്നാണ് സിബിഎസ്ഇ, കേരള ബോർഡിന്റെ നിബന്ധന യുഎഇ നിയമപ്രകാരം 85 ശതമാനം ഹാജർ വേണം. ഇതനുസരിച്ച് ഒരു വർഷം വിദ്യാർഥികൾക്ക് എടുക്കാവുന്ന പരമാവധി അവധി 25 ദിവസമാണ്. എന്നാൽ നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തുമ്പോഴേക്കും ഈ പരിധി മറികടക്കുമോ എന്നാണ് ആശങ്ക.