ഏഷ്യൻ കപ്പ് ഫുട്ബാൾ ; ആദ്യ അങ്കത്തിന് ഒമാൻ ഇന്നിറങ്ങും

മസ്ക‌ത്ത്! സൗഹൃദ മത്സരങ്ങളിലെ വിജയം നൽകിയ ആത്മവിശ്വാസവുമായി ഏഷ്യൻ കപ്പിലെ ആദ്യ അങ്കത്തിനായി ഒമാൻ ഇന്ന് ഇറങ്ങും. ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ സൗദിയാണ് എതിരാളികൾ. ഒമാൻ സമയം രാത്രി 9.30ന് ആണ് കിക്കോഫ്.

കഴിഞ്ഞ ലോകകപ്പിൽ അർജൻ്റീനയെ തകർത്ത സൗദിയുമായുള്ള മത്സരം കനത്ത വെല്ലുവിളിയാണെങ്കിലും മികച്ച പോരാട്ടം നടത്തി മൂന്ന് പോയൻറ് സ്വന്തമാക്കി മുന്നോട്ടുള്ള പോക്ക് സുഗമമാകാനായിരിക്കും ഒമാൻ ശ്രമിക്കുക. കഴിഞ്ഞ അറേബ്യൻ ഗൾഫ് കപ്പിൽ സൗദിയെ തോൽപിച്ചതും സമീപകാലത്തെ ടീമിന്റെ പ്രകടനവും കോച്ച് ബ്രാങ്കോ ഇവോക്കിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഏഷ്യൻകപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലെ വിജയങ്ങൾ റെഡ് വാരിയേഴ്‌സിൻ്റെ ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. അബൂദബിയിൽ നടന്ന മത്സരങ്ങളിൽ ചൈനയെയും യു.എ.ഇയെയുമാണു പരാജയപ്പെടുത്തിയത്. ഇരു കളികളിലും മുന്നേറ്റ നിരയും പ്രതിരോധവും കരുത്തു കാട്ടിയത് കോച്ച് ബ്രാങ്കോ ഇവാൻകോവിക്ക് ശുഭ സൂചനയായിട്ടാണ് കണക്കാക്കുന്നത്.

രണ്ട് കളിയിൽ മൂന്ന് ഗോളുകൾ അടിച്ച് കൂട്ടിയപ്പോൾ ഒന്നും വഴങ്ങിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം ഫിനിഷിങ്ങിൽ ചില പാളിച്ചകൾകൂടി പരിഗണിച്ചാൽ ഇന്നത്തെ കളിയിൽ സൗദിയെ മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ. കഴിഞ്ഞ 11 മത്സരത്തിൽ മൂന്ന് വീതം വിജയവുമായി ഒമാനും സൗദിയും ഒപ്പത്തിനൊപ്പമാണ്. അഞ്ചെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഇത് അഞ്ചാം തവണയാണ് ഏഷ്യൻ കപ്പിൽ പന്തു തട്ടാനായി ഒമാൻ ഇറങ്ങുന്നത്.

2004, 2007, 2015, 2019 വർഷങ്ങളിലായിരുന്നു ഇതിനു മുമ്പ് യോഗ്യത നേടിയത്. കഴിഞ്ഞ തവണ പ്രീ കോർട്ടറിൽ എത്തിയതാണ് ശ്രദ്ധേയമായ നേട്ടം. പ്രീ കോർട്ടറിൽ ഇറാനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇത്തവണ മികച്ച മുന്നൊരുക്കവുമായി ടൂർണമെന്റിലെ കറുത്ത കുതിരകളാകാനാണ് ഒമാൻ ശ്രമിക്കുന്നത്..

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *