ദമ്മാം: സൗദിയിൽ അടുത്ത വർഷം ശമ്പള വർധന പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജൻസിയുടെ പഠന റിപ്പോർട്ട്. ആറു ശതമാനം വരെ ശമ്പള വർധനയാണ് ഏജൻസി പ്രവചിക്കുന്നത്. ആഗോള റിക്രൂട്ട്മെന്റ് മാർക്കറ്റിലെ ട്രെൻഡുകളെ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സൗദിയിലെ കമ്പനികളെയും ഓർഗനൈസേഷനുകളെയും പങ്കെടുപ്പിച്ച നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജൻസിയായ കൂപ്പർ ഫിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ 78 ശതമാനത്തോളം വരുന്ന കമ്പനികൾ വാർഷിക ബോണസ് നൽകുന്നതിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭൂരിഭാഗം ഓർഗനൈസേഷനുകളും ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് ബോണസായി നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ കൺസൾട്ടിങ്, ഫിനാൻഷ്യൽ, ടെലികോം, ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ്, റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവ ആറ് മാസത്തെ ശമ്പളം ബോണസായി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും സർവേ പറയുന്നു.
ബോണസ് നൽകുന്നതിൽ വിമുഖത കാണിക്കുന്ന മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ടവ നിർമാണ മേഖലയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് നിർമാണം പുരോഗമിക്കുന്ന വമ്പൻ പദ്ധതികൾ, ആഗോള ഭീമൻ കമ്പനികളുടെ റീജ്യണൽ ഓഫീസുകൾ രാജ്യത്തേക്ക് കൂടുമാറിയത് തുടങ്ങിയവ തൊഴിൽ വിപണിയിൽ ഉണർവ് പ്രകടമാക്കിയതായും സർവേ പറയുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C