യാത്ര ചെയ്യുമ്പോളുണ്ടാകുന്ന ഛര്‍ദ്ദിൽ ഒഴിവാക്കാന്‍ സിമ്പിള്‍ ടിപ്‌സ്

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. പക്ഷെ യാത്ര എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരുമുണ്ട്. യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ പോലും യാത്ര ആസ്വദിക്കാന്‍ കഴിയില്ല. കയറ്റം കയറുന്നതും ഇറങ്ങുന്നതും പെട്ടെന്നുണ്ടാകുന്ന ചലനങ്ങളുമെല്ലാം നാഡീവ്യൂഹത്തെ ആശയക്കുഴപ്പത്തിലാക്കും. ചെവിയിലൂടെയും കണ്ണിലൂടെയും ലഭിക്കുന്ന സിഗ്നലുകള്‍ വ്യത്യസ്തമായിരിക്കും. ഈ അനിശ്ചിതത്വമാണ് യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നത്. അടുത്ത തവണ യാത്രയ്ക്കിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം.

എന്ത് കഴിക്കുന്നു എന്ത് കുടിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത് ബുദ്ധിയല്ല. അതുപോലെ അമിതമായി മദ്യപിക്കുന്നതും യാത്ര കുളമാക്കും. അതുകൊണ്ട് ഒന്നും അമിതമാകാതെ നോക്കുന്നതാണ് നല്ലത്.

അക്യുപ്രഷര്‍ ടെക്‌നിക്ക്

അത്യാവശ്യഘട്ടങ്ങളില്‍ അക്യൂപ്രഷര്‍ ഒരു ആശ്വാസമാണ്. കൈത്തണ്ടയ്ക്ക് താഴെ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് അര മിനിറ്റ് ശക്തിയായി അമര്‍ത്തണം.

ഇഷ്ടമുള്ള സുഗന്ധം കയ്യില്‍ കരുതാം

യാത്രചെയ്യുമ്പോള്‍ ഇഷ്ടമുള്ള സുഗന്ധം അല്ലെങ്കില്‍ സുഗന്ധതൈലങ്ങള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്. അത് നിങ്ങളുടെ ശ്രദ്ധ തിരിക്കാനും ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. പുതിന, ലാവെന്‍ഡര്‍, ഏലക്ക, പെരുംജീരകം തുടങ്ങിയവ ഇത്തരത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഹെല്‍ത്തി ഡ്രിങ്കുകള്‍

അമിത കഫീന്‍ ചിലപ്പോള്‍ സമ്മര്‍ദ്ദവും വയറ് സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കും. അതുകൊണ്ട് ഹെര്‍ബല്‍ ഡ്രിങ്കുകളാണ് ഉത്തമം. അതല്ലെങ്കില്‍ ആപ്പിള്‍ ജ്യൂസ് പോലെ ഫ്രഷ് ജ്യൂസുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. യാത്രയ്ക്ക് മുമ്പ് ജ്യൂസ് കുടിക്കുന്നതും ഛര്‍ദ്ദിക്കുന്നത് തടയാന്‍ സഹായിക്കും.

സീറ്റ് മുഖ്യം

എവിടെ ഇരുന്ന് യാത്രചെയ്യുന്നു എന്നതും പ്രധാനമാണ്. ഫ്‌ളൈറ്റ് യാത്രയാണെങ്കില്‍ ബുദ്ധിപൂര്‍വ്വം സീറ്റ് തെരഞ്ഞെടുക്കണം. മധ്യഭാഗത്തെ സീറ്റാണ് ഏറ്റവും നല്ലത്. ഒറ്റയിരുപ്പില്‍ യാത്ര തീര്‍ക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാനും ചെറിയ സ്‌ട്രെച്ചിങ് ചെയ്യാനും മറക്കരുത്. ദീര്‍ഘനേരം ഫോണില്‍ നോക്കിയിരിക്കുന്നതും തിരിച്ചടിയാകും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *