മസ്കത്ത്: അടുത്ത വര്ഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ഈ വർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നതെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
ആകെ ലഭിച്ചത് 34,126 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും. ഈ വർഷം ഹജ്ജിനുള്ള അപേക്ഷക്ക് മികച്ച പ്രതികരണമാണുണ്ടായത്. ഒക്ടോബർ 22ന് ആയിരുന്നു രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയത്. ആകെ ലഭിച്ച അപേക്ഷകരിൽനിന്ന് 14,000 പേരെ ഹജ്ജിനായി തിരഞ്ഞെടുക്കുമെന്ന് ഹജ്ജ്, ഉംറ ഡിപ്പാർട്മെന്റിലെ അലി അൽ ഗഫ്രി പറഞ്ഞു.
മുൻ വർഷങ്ങളിലേതുപോലെ, ഏറ്റവും കൂടുതൽ അപേക്ഷകർ മസ്കത്തിൽ (5,373) രേഖപ്പെടുത്തിയപ്പോൾ കുറവ് (172) മുസന്ദത്താണ്. എല്ലാ ഗവർണറേറ്റുകളിലും അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെങ്കിലും ദോഫാർ, മുസന്ദം, തെക്കൻ ശർഖിയ എന്നിവിടങ്ങളിൽ അപേക്ഷകരുടെ എണ്ണം കുറവാണ്.
Related News
ആദ്യ ഹജ്ജ് ചെയ്യുന്നവർ, വിട്ടുമാറാത്ത രോഗങ്ങൾ, അർബുദം എന്നിവ ബാധിച്ച ആളുകൾ തുടങ്ങിയവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് വിശുദ്ധ കർമം നിർവഹിച്ചത്. ആകെ 14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്.
മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്ന് സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C