ഗിന്നസ് നേട്ടം സ്വന്തമാക്കി കേരളീയം

തിരുവനന്തപുരം: കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കിയ ‘കേരളീയം – 2023’ സാംസ്കാരികോത്സവം ഗിന്നസ് നേട്ടം സ്വന്തമാക്കി. 67–ാമത് കേരളപ്പിറവി ആഘോഷവേളയിൽ, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വിഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഈ ഗിന്നസ് നേട്ടം കേരളീയത്തിന് സ്വന്തമായത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേ സമയം ആശംസ നേരുന്ന ‘ഓൺലൈൻ വിഡിയോ റിലേ’ ചരിത്രത്തിൽ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു.

‘കേരളീയം’ എങ്ങനെയാണ് ലോകത്തിനു മുന്നിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്നതെന്ന് വിമർശകർക്കു കാട്ടിക്കൊടുക്കുകയാണ് ഈ ഗിന്നസ് ബഹുമതി. ദുബായ് ആസ്ഥാനമായ ‘റേഡിയോ കേരളം 1476 എ.എം’ ഈ ഗിന്നസ് ഉദ്യമത്തിന്റെ സംഘാടനത്തിൽ മുഖ്യ പങ്കുവഹിച്ചു. ഹിന്ദി, ഉർദു, മണിപ്പൂരി, ഗുജറാത്തി തുടങ്ങി ലിപിയുള്ള വിവിധ ഇന്ത്യൻ ഭാഷകൾക്കു പുറമേ, ജാപനീസ്, മലയ്, സ്പാനിഷ്, റഷ്യൻ തുടങ്ങി നിരവധി വിദേശഭാഷകളിലുള്ള ആശംസകളും ‘കേരളീയ’ത്തിന്റെ ഗിന്നസ് ദൗത്യത്തെ സമ്പന്നമാക്കി. അത്ര പ്രശസ്തമല്ലാത്ത ആഫ്രിക്കയിലെ വിവിധ പ്രാദേശിക ഭാഷകളിൽ വരെ ആശംസകൾ സമാഹരിക്കുവാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു. ‘മലയാളി ഡയസ്പോറ’ ഇന്ന് ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു സമൂഹമാണ്. കേരളവും അതിന്റെ സംസ്കാരവും ലോകത്തിന് ഇന്ന് അപരിചിതമല്ല. ‘ആഗോള കേരളം’ എന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ഈ ഗിന്നസ് നേട്ടം.

‘കേരളീയം’ സാംസ്കാരികോത്സവം ലോകശ്രദ്ധയിലേയ്ക്ക് എത്തിക്കഴിഞ്ഞ ഘട്ടത്തിലാണ് ഇങ്ങനെയൊരു ഗിന്നസ് നേട്ടം കൂടി സ്വന്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെ ആരംഭിച്ച ഓൺലൈൻ വിഡിയോ റിലേയിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു മലയാള ഭാഷയുടെ പ്രതിനിധിയായി. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്നുളള കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ മാതൃഭാഷകളിൽ കേരളപ്പിറവി ആശംസകൾ നേർന്നു. കിഫ്ബി ഉദ്യോഗസ്ഥരും ഈ നേട്ടത്തിന്റെ ഭാഗമായി. വിവിധ മേഖലകളിൽനിന്നുള്ള ലോക കേരള സഭാംഗങ്ങൾ, കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉപയോക്താക്കൾ, പ്രവാസി ഡിവിഡന്റ് സ്കീമിലെ അംഗങ്ങൾ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി. കൂടാതെ ഒട്ടേറെ വിദേശ പൗരന്മാരും അവരുടെ ഭാഷകളിൽ കേരളപ്പിറവി ആശംസകൾ നേർന്നത് ഈ റെക്കോർഡ് നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

Related News

‘കേരളീയം’ വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഈ സാംസ്കാരിക മേള ഭാവികേരളത്തിനായുള്ള നിക്ഷേപമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ കേരളീയത്തിന്റെ ഈ ഗിന്നസ് നേട്ടം, വരും വർഷങ്ങളിൽ നിരവധി ഭാഷകൾ ഉൾപ്പെടുത്തി കൂടുതൽ ശക്തമാക്കാനും പദ്ധതിയുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *