പലപ്പോഴും പ്രതീക്ഷിക്കാതെ വരുന്ന ചെലവുകളാണ് പ്രശ്നമാകുന്നത്. പെട്ടെന്നു കയ്യിൽ കാശെടുക്കാനില്ലെങ്കിൽ കടം വാങ്ങേണ്ടിയും വരും, അത് ഒരുപക്ഷേ ഭാരിച്ച ഉത്തരവാദിത്തമാവുകയും ചെയ്യും. എന്നാൽ കയ്യിൽ ഒരു തുക സൂക്ഷിച്ചു വച്ചാൽ അത് ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ മാസവും കയ്യിൽ വരുന്ന കാശിൽനിന്നും ഒരു ചെറിയ തുക മാറ്റി വയ്ക്കാം. വീട്ടമ്മമാർക്ക് എളുപ്പത്തിൽ കാശ് സേവ് ചെയ്യാനുള്ള വഴികൾ ഇതാ.
പണം അധികം ചെലവാകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് നേരത്തേകൂട്ടിയുള്ള പ്ലാനിങ്. ഈ ആഴ്ച എന്തൊക്കെയാണ് കുക്ക് ചെയ്യുന്നതെന്ന ഏകദേശ ധാരണ മതി. അതിനനുസരിച്ച് ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങിക്കാം. ഒരു ഷോപ്പിങ് ലിസ്റ്റ് ഉണ്ടാക്കി അതിലെഴുതിയിരിക്കുന്ന സാധനങ്ങൾ മാത്രം വാങ്ങാൻ നിർബന്ധമായും ശ്രദ്ധിക്കണം. ഓഫറുകളും, കൂപ്പണുകളും ഡിസ്കൗണ്ട് കോഡുമെല്ലാം ഉപയോഗപ്പെടുത്തുന്നത് കാശ് ലാഭിക്കാൻ സഹായിക്കും. വീട്ടു സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന കൂപ്പണുകൾ സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്.
വരവ് എത്ര ചെലവ് എത്ര എന്ന കണക്ക് എപ്പോഴും വേണം. ആശുപത്രി, ഗ്യാസ് എന്നിവയുടെ ബില്ലുകൾ, വീട്ടുസാധനങ്ങൾക്ക് ചെലവായത്, ഗതാഗതത്തിനു മുടക്കിയ തുക, ഇതിനു പുറമേ വന്ന ചെലവുകൾ എന്നിവ കൃത്യമായി അറിഞ്ഞ് രേഖപ്പെടുത്തി വയ്ക്കണം. ഇതിനനുസരിച്ച് അടുത്ത മാസത്തെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിലാക്കാം, തെറ്റുകൾ ഒഴിവാക്കുകയുമാകാം.

ടിവി ഓഫാക്കാതിരിക്കുക, ലൈറ്റും ഫാനും മുറിവിട്ടു പുറത്തു പോയാലും ഓണായിത്തന്നെ ഇരിക്കുക എന്നിവ വൈദ്യുതഉപയോഗം കൂട്ടുകയും സ്വാഭാവികമായും കാശ് കൂടുതൽ ചിലവാകുകയും ചെയ്യും. ഇക്കാര്യം ശ്രദ്ധിക്കുന്നതിനായി കുട്ടികളിൽ ഒരാളെ തന്നെ ഏൽപ്പിക്കുന്നത് ജോലി എളുപ്പമാക്കും.
തിരക്കിനിടയിൽ കുറച്ചു സമയം ചെലവഴിക്കാൻ തയാറായാൽ പല കാര്യങ്ങളും വലിയ പണം മുടക്കില്ലാതെ സ്വന്തമായി ചെയ്യാൻ കഴിയും. പത്രവും ചിരട്ടയും പഴയ കുപ്പികളും ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ, ഗാർഡനിങ് പണികൾ എന്നിവ ചെയ്യാം. അല്ലറ ചില്ലറ റിപ്പയറിങ്ങ് ചെയ്യുന്നവരും കുറവല്ല. ഇതുപോലെ അധിക ചെലവില്ലാതെ നമുക്ക് സാധിച്ചെടുക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ടെൻഷന് മാറ്റി ഒരു ആശ്വസം കണ്ടെത്താനും ഇത് സഹായകമാകും.
തുണി, വീട്ടുപകരണം തുടങ്ങിയ സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ക്ലിയറന്സ് സെയിൽ നടക്കുമ്പോൾ സാധനങ്ങൾ വാങ്ങുന്നതും, സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ വാങ്ങുന്നതും കാശ് ലാഭിക്കാൻ സഹായിക്കും. പല ഉത്പന്നങ്ങളും ഓൺലൈനിൽ വിലക്കുറവിനു ലഭിക്കാറുണ്ട്. അത്തരത്തിലുള്ള ഷോപ്പിങ്ങും ആകാം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C