അമേരിക്കയിൽ കേരളത്തിന്റെ ‘തട്ട്’

കോഴിക്കോട്ടുകാരൻ വിനോദ് കളത്തിലും പങ്കാളിയും അമേരിക്കൻ സ്വദേശിയുമായ മാർഗരറ്റ് പാക്കും ചേർന്ന് ഷിക്കാഗോയിൽ കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ‘തട്ട്’ എന്ന തനതു കേരളീയ വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റ് പ്രമുഖ അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ 2023ലെ അമേരിക്കയിലെ മികച്ച 50 റസ്റ്ററന്റുകളുടെ പട്ടികയിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിന്റെ സ്വന്തം അപ്പവും മുട്ടക്കറിയും കടലക്കറിയും നാടൻ കോഴിക്കറിയും നെയ്ച്ചോറുമാണ് അമേരിക്കൻ രുചിമനസ്സ് കീഴടക്കുന്നതിനു വിനോദും മാർഗരറ്റും ആദ്യം വിളമ്പിയത്. അടുത്ത പന്തിയിൽ വിളമ്പിയ കേരള ഫ്രൈഡ് ചിക്കൻ സാൻവിച്ചും മലബാർ ചിക്കൻ ബിരിയാണിയും മീൻ പൊള്ളിച്ചതും കപ്പ ബോണ്ടയും കല്ലുമ്മക്കായയും മസാല ബിസ്കറ്റും കാപ്പിയും നാരങ്ങാച്ചായയും കൂടി വിളമ്പിയപ്പോൾ കേരളത്തിന്റെ തീൻമേശയിലെത്തിയത് അമേരിക്കയിലെ റസ്റ്ററന്റ് രംഗത്തെ വിഖ്യാത അംഗീകാരങ്ങൾ.

രുചിയേറെയുള്ള ഈ നേട്ടം കൈവരിച്ചതോടെ ഷിക്കാഗോയിൽ നിന്നു പതിനായിരത്തിലേറെ കിലോമീറ്റർ അകലെയുള്ള കേരളമെന്ന നാടിനെക്കുറിച്ചും അവിടത്തെ വ്യത്യസ്ത ഭക്ഷണത്തെക്കുറിച്ചും വാഴയിലയിൽ വിളമ്പുന്ന സദ്യയെക്കുറിച്ചുമെല്ലാം അറിയാനും ആസ്വദിക്കാനുമായി തട്ടിലെത്തുന്നവരുടെ എണ്ണം കൂടി.

ഭക്ഷണമേഖലയിൽ മുൻപരിചയമില്ലാത്തവരാണ് വിനോദും മാർഗരറ്റും. കേരളത്തിൽ നിന്നു ബിടെക്കും എംബിഎയും നേടിയ ശേഷം 1996 മുതൽ അമേരിക്കയിൽ ജോലി ചെയ്തുവരികയായിരുന്നു വിനോദ്. കൊറിയൻ–അമേരിക്കൻ പശ്ചാത്തലമുള്ള മാർഗരറ്റ് പാക്കിനും കോർപറേറ്റ് മേഖലയിലായിരുന്നു ജോലി. യാത്രകളും സംഗീതവും ഭക്ഷണവും ഇഷ്ടപ്പെട്ടിരുന്ന ഇരുവരും 2002 ഡിസംബറിൽ യാദൃശ്ചികമായി ലാസ് വേഗസിൽ വച്ചാണ് കണ്ടുമുട്ടിയത്.

ഇരുവരും ഷിക്കാഗോയിൽ ചെറിയൊരു റസ്റ്ററന്റ് ആരംഭിച്ചു; ആദ്യത്തെ ‘തട്ട്’. 15 ജീവനക്കാരുമായി തുടങ്ങിയ റസ്റ്ററന്റിൽ നാലു വിഭവങ്ങളേ ഉണ്ടായിരുന്നുവെങ്കിലും ‘തട്ട്’ വളരെപ്പെട്ടെന്നു ഷിക്കാഗോയുടെ രുചിമനം കവർന്നു. കോവിഡ് പടർന്നുപിടിച്ചതോടെ 2020 മാർച്ചിൽ തട്ടിനു താഴിടേണ്ടി വന്നു. അതിനോടകം ഭക്ഷണരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ജയിംസ് ബേഡ് പുരസ്കാര നിർണയ മൽസരത്തിൽ സെമിഫൈനലിൽ വരെയെത്തിയിരന്നു ‘തട്ട്’. പിന്നീടു മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കു ശേഷം പൂർണമായും റസ്റ്ററന്റിന്റെ രൂപത്തിലേക്കു മാറ്റിയ പുതിയ ‘തട്ട്’ ഈ വർഷം ഏപ്രിലിലാണു തുറന്നത്. 2900 ചതുരശ്ര അടിയിൽ 45 സീറ്റുകൾ. കേരളത്തിന്റെ തനത് വിഭവങ്ങൾ അമേരിക്കക്കാർക്കു പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *