ആഗ്ര: ലോകാത്ഭുതമായ താജ് മഹലിന് മുകളിലൂടെ ഒരു ഹോട്ട് എയർ ബലൂണിലൂടെ പറന്നു നടക്കാം. ഈ ബലൂൺ റൈഡുകൾ താജ് കാർണിവലിന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. താജ്മഹലിന് സമീപമുള്ള സാംസ്കാരിക കേന്ദ്രമായ ശിൽപ് ഗ്രാമിൽ നിന്ന് ഹോട്ട് എയർ ബലൂൺ റൈഡുകൾ ആരംഭിക്കാനുളള പദ്ധതിയുമായി ആഗ്ര ഭരണകൂടം.
ഒക്ടോബർ 29ന് ആരംഭിച്ച സാംസ്കാരിക ഉത്സവം നവംബർ 25 വരെ തുടരും. ഫെബ്രുവരിയിലെ ടൂറിസം സീസണിന്റെ അവസാനത്തിൽ നടക്കുന്ന 10 ദിവസത്തെ താജ് മഹോത്സവത്തിന്റെ മാതൃകയിലാണ് താജ് കാർണിവൽ സംഘടിപ്പിക്കുന്നതെന്ന് ആഗ്ര ഡിവിഷണൽ കമ്മീഷണർ ഋതു മഹേശ്വരി ദി പ്രിന്റിനോട് പറഞ്ഞു. താജ് മഹോത്സവത്തിൽ നിന്ന് വ്യത്യസ്തമായി, താജ് കാർണിവൽ എല്ലാ സന്ദർശകർക്കും സൗജന്യമായിരിക്കുമെന്നും ഋതു മഹേശ്വരി കൂട്ടിച്ചേർത്തു.
ബ്രിജ്, രാജസ്ഥാനി, അവധി, മുഗ്ലായ്, ഗുജറാത്തി, ദക്ഷിണേന്ത്യൻ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലെ പ്രാദേശിക വിഭവങ്ങളും കാർണിവലിൽ അവതരിപ്പിക്കും. ഇതിനായി 50-ലധികം ഭക്ഷണശാലകൾ ഒരുക്കും. കരകൗശല വസ്തുക്കൾ, മൺപാത്രങ്ങൾ,പ്രാദേശിക കരകൗശല വിദഗ്ധർ നിർമ്മിച്ച മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റാളുകളും ഉണ്ടാകും. കൂടാതെ മില്ലറ്റ് ഉൽപന്നങ്ങൾക്കായി പ്രത്യേക സ്റ്റാളും സജ്ജീകരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ നാടൻ കലാപരിപാടികളും കാർണിവലിൽ പ്രദർശിപ്പിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C