ആലപ്പുഴ: അടിസ്ഥാന വികസനം യാഥാർത്ഥ്യമായാൽ ജനങ്ങളുടെ ജീവിത നിലവാരം സ്വയം മെച്ചപ്പെടുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന കുട്ടനാട് മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിയിലൂടെ നമുക്ക് കിട്ടിയ സാധ്യതകൾ ഉപയോഗപ്പെടുത്തണം.
അടുത്ത തലമുറ എങ്ങനെ വളരണം എന്ന് നമ്മൾ ഇപ്പോഴെ ചിന്തിക്കണം. എ സി റോഡ് യാഥാർഥ്യമാകുമ്പോൾ കുട്ടനാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ തന്നെ മാറും. ആറ് വരി പാത നിലവിൽ വരുമ്പോൾ അഭൂതപൂർവ്വമായ മുന്നേറ്റമാണ് വരാൻ പോകുന്നത്.കുട്ടനാട് ദേശീയ ജലപാത വന്നു കഴിയുമ്പോൾ ഇവിടുത്തെ വിനോദ സഞ്ചാര മേഖല ഇപ്പൊൾ ഉള്ളതിലും 50 ഇരട്ടിയായി മെച്ചപ്പെടും.
മൂന്ന് തലത്തിലാണ് വികസനം യാഥാർത്ഥ്യമാകുന്നത്. സ്ക്കൂൾ കെട്ടിടങ്ങൾ, അശൂപത്രികൾ,റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നാമതും പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ രണ്ടാമതും മികവുറ്റ ഭരണ നിർവ്വഹണം മൂന്നാമതും വരുമെന്ന് മന്ത്രി പറഞ്ഞു.
64000 കുടുംബങ്ങളാണ് കേരളത്തിൽ ഇപ്പോൾ അതിദരിദ്രരരുടെ പട്ടികയിലുള്ളത്. 2024 ആകുമ്പോൾ ഒരാളുപോലും അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും-മന്ത്രി കൂട്ടിച്ചേർത്തു.
ഭൂമി ഇല്ലാത്തവർക്ക് ഭൂമി നൽകിക്കൊണ്ട് സർക്കാർ മൂന്നര ലക്ഷം വീടുകൾ നൽകി. ഒരു ലക്ഷം വീടിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി മേഖലയിൽ വീടുകൾ നൽകി.1100 ഫ്ളാറ്റുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. 800 ഓളം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദേശരാജ്യങ്ങളിൽ പഠിക്കാൻ സർക്കാർ അവസരം ഒരുക്കി. മത്സ്യത്തൊഴിലാളി മേഖലയിൽ കുട്ടികൾക്ക് എവിടം വരെ പഠിക്കണം അത്രയും പഠിക്കാനുള്ള അവസരം സർക്കാർ ഒരുക്കിയിട്ടുണ്ട്. സമ്പൂർണ്ണ മാലിന്യനിർമാർജനത്തിലൂടെ ലോകത്തിനു മുന്നിൽ കേരളത്തിന് പുതിയ മുഖം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനാധിപത്യം ജനങ്ങളുടെ ഇച്ഛ പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.സർക്കാർ ഏറ്റെടുത്ത ഏറ്റവും സുപ്രധാന പരിപാടിയാണ് അതിദാരിദ്ര്യ നിർമാർജ്ജനം. ഓരോ കുടുംബത്തെക്കുറിച്ചും മൈക്രോ പ്ലാൻ തയ്യാറാക്കി അവരെ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും പി. പ്രസാദ് പറഞ്ഞു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C