ദുബായ്: ദുബായിലെ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾ ഉൾപ്പെടുള്ളവർക്ക് ഗുരുതരമായ പരുക്ക്. അപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു. ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന്‍ ദാസ് (24) ആണ് ഇന്ന് മരിച്ചത്. മലപ്പുറം നിറമരുതൂർ ശാന്തി നഗർ സ്വദേശി യാക്കൂബ് അബ്ദുള്ള (42) അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഒൻപതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടമുണ്ടായത്. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.
ബര്‍ ദുബായ് അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്നു യാക്കൂബ്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബായില്‍ എത്തിയതായിരുന്നു നിധിന്‍. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്ലർ താമസക്കാരായിരുന്നു.
റാഷിദ് ആശുപത്രിയിൽ അഞ്ച് പേരും എൻ എം സി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിപക്ഷംപേരും മലയാളികളാണെന്നാണ് വിവരം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C