കാൻബറ: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആസ്‌ട്രേലിയൻ പാർലമന്റിൽ ആദരം. ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയ മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകളുടെ പ്രകാശനം നടന്നു. പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ.
ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈകമീഷണർ മൻപ്രീത് വോറക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം നിർവഹിച്ചു. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെയാണ് തങ്ങൾ ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വളർന്നുവന്ന സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈകമീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു. ആസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
ആസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, വാണിജ്യ, സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ എം.പിമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C