അബുദബി: ഇന്ത്യ-യുഎഇ വ്യാപാര ബന്ധം ശക്തമാക്കാനുള്ള ചർച്ചകൾക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അബുദബിയിലെത്തി. ഇന്ത്യയുടെ വ്യവസായ മന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം മൂന്നാം തവണയാണ് പിയൂഷ് ഗോയൽ യുഎഇയിലെത്തുന്നത്. നിക്ഷേപം സംബന്ധിച്ച ഇന്ത്യ-യു.എ.ഇ. ഉന്നതതല സംയുക്ത ടാസ്ക് ഫോഴ്‌സിന്റെ 11-ാമത് യോഗം അബുദാബിയിൽ ചേർന്നു. അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടറും അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് ഹമദ് ബിൻസായിദ് അൽനഹ്യാന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ എന്നിവരും സന്നിഹിതരായിരുന്നു. ഊർജ്ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളെ കുറിച്ച് അബുദബി നിക്ഷേപ അതോറിറ്റി തലവൻ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സെപ കരാറിനെ കുറിച്ചും വിലയിരുത്തലുകൾ നടന്നു.
റുപെ കാർഡ് മോഡലിൽ പുതിയ കാർഡ് അവതരിപ്പിക്കാനായി നാഷണൽ പെയ്മെന്റ് കോർപറേഷനും എത്തിഹാദ് പെയ്മെന്റ്സും തമ്മിൽ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു. സ്പെയ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജ്ജം, തുടങ്ങിയ വിഷയങ്ങളിലെ കൂടുതൽ സഹകരണത്തിന് യുഎഇ വാണിജ്യ മന്ത്രി ഡോക്ടർ സുൽത്താൻ അഹമ്ദ് അൽ ജാബിറുമായും മന്ത്രി കരാർ ഒപ്പുവെച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C