നിലവിൽ രാജ്യത്തെ പരിശോധനകൾ ടൈഫോയ്ഡ് പനിക്ക് കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). അതിനാൽത്തന്നെ മരുന്നുകളിൽനിന്ന് പ്രതിരോധം നേടുന്ന കീടാണുക്കൾ ശക്തിപ്രാപിക്കുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ ഫലപ്രദമായ പരിശോധനാസംവിധാനങ്ങളും മരുന്നുകളും കണ്ടെത്താൻ മരുന്നുകമ്പനികൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും ഐ.സി.എം.ആർ. നിർദേശം നൽകി.
നിലവിലെ ടൈഫോയ്‌ഡ് പരിശോധനകളായ വൈഡൽ ടെസ്റ്റ്, ടൂബെക്സ്, ടൈഫിഡോട്ട്, ടെസ്റ്റ്-ഇറ്റ് പരിശോധനകളിൽ കാര്യക്ഷമത കുറവാണെന്ന് ഐ.സി.എം.ആർ. വിലയിരുത്തുന്നു. കൂടുതൽ സുതാര്യതയ്ക്ക് ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നുമില്ല. ഒപ്പം ടൈഫോയ്‌ഡ് രോഗങ്ങൾക്ക് നൽകുന്ന അമിത അളവിലുള്ള ആന്റിബയോട്ടിക്കുകൾ രോഗാണുക്കൾ പ്രതിരോധിക്കുകയും (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ചെയ്യുന്നു. മലിന ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന സാൽമൊണല്ല എന്ററിക്ക സെറോവർ ടൈഫി എന്ന ബാക്ടീരിയയാണ് രോഗകാരി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 45 ലക്ഷം ടൈഫോയ്‌ഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഐ.സി.എം.ആർ. ചൂണ്ടിക്കാണിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C