ദുബായ്: ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ നീളുന്ന 38 ദിവസത്തെ ഫെസ്റ്റിവൽ. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 29-ാം വാർഷിക പതിപ്പിന്റെ തീയതികള്‍ സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് പ്രഖ്യാപിച്ചു.
ഡിസംബർ 15-ന് കൊക്കകോള അരീനയിൽ അറബ് സംഗീതജ്ഞരായ അഹ്ലം അൽഷംസിയും അസ്സലാ നസ്രിയും വേദിയിലെത്തും. ഡിസംബർ 8 മുതൽ 10 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നടക്കുന്ന ഉദ്ഘാടന ആഘോഷങ്ങളിൽ സോൾ ഡിഎക്സ്ബി പങ്കെടുക്കും. ദുബായ് നഗരത്തിന്റെ എല്ലാ കോണുകളിലും നടക്കുന്ന വലുതും മികച്ചതുമായ അനുഭവങ്ങളുടെയും വിനോദങ്ങളുടെയും അസാധാരണമായ ഒരു സീസൺ ഡിഎസ്എഫ് വാഗ്ദാനം ചെയ്യുന്നതായി അധികൃതർ പറഞ്ഞു.
രാജ്യാന്തര, പ്രാദേശിക സംഗീതജ്ഞരുടെയും മറ്റും തത്സമയ സംഗീത പ്രകടനങ്ങൾ, ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ, സംഭാഷണങ്ങൾ, എക്സ്ക്ലൂസീവ് ഷോപ്പിങ്, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറും. കോമഡി ഷോകൾ, കാസിം അൽ സഹെർ, ഒമർ ഖൈറത്ത്, നജ്വ കരം, ജോർജ്ജ് വസൂഫ് എന്നിവരുൾപ്പെടെയുള്ള പ്രധാന കലാകാരന്മാർ അവതരിപ്പിക്കുന്ന കച്ചേരികള്‍ എന്നിവയുൾപ്പെടെ ആവേശകരമായ വിനോദ പരിപാടികളാണ് നടക്കുക.
പ്രാദേശിക പ്രതിഭകൾ, ഔട്ട്ഡോർ സാഹസികത, ഗ്യാസ്ട്രോണമിക് അനുഭവങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഷോപ്പിങ്ങിന് ഒട്ടേറെ വിലക്കുറവുകളും ഇളവുകളും സമ്മാനങ്ങളും സവിശേഷതകളായിരിക്കും. എല്ലാ ദിവസവും മറ്റെവിടെയുമില്ലാത്ത അസാധാരണമായ വിനോദവും സാഹസികതയും അനുഭവിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C