മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. പ്രശസ്ത കന്നഡ സംവിധായകനായ ഗിരിഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സെലക്ഷൻ കമ്മിറ്റിയായിരുന്നു ഇതിനു പിന്നിൽ പ്രവര്‍ത്തിച്ചത്. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ തീം ആണ് ഈ സിനിമ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് ഗിരിഷ് കാസറവള്ളി മാധ്യമങ്ങളോടു പറഞ്ഞു.
2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷൻ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.
‘‘എന്റെ സ്വപ്നത്തിൽപ്പോലും സ്വപ്നം കാണാതിരുന്ന സ്വപ്നമായിരുന്നു ഇത്’’-ജൂഡിന്റെ വാക്കുകൾ. ചിത്രം അന്താരാഷ്ട്ര അംഗീകാരങ്ങൾക്ക് അയയ്ക്കണമെന്ന് ആദ്യം പറഞ്ഞത് അന്യഭാഷയിലെ നിർമാതാക്കളും സാങ്കേതിക പ്രവർത്തകരുമാണ്. ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളായിരിക്കാം ഒരുപക്ഷേ ഓസ്കറിലേക്ക് പരിഗണിക്കാൻ കാരണമായതെന്നും ജൂഡ് പറയുന്നു. ‘‘ജാതിമത രാഷ്ട്രീയ ഭേദമൊന്നുമില്ലാതെ മനുഷ്യന്റെ കൂട്ടായ്മയും മനക്കരുത്തുമാണല്ലോ ഇതിൽ പറഞ്ഞത്’’.
നേട്ടത്തിന്റെ മുഴുവൻ അവകാശവും ആന്റോ ജോസഫ് സമർപ്പിക്കുന്നത് ദൈവത്തിനും ജൂഡിനുമാണ്. ‘‘ശരിക്കും ജൂഡിന്റെ അത്യധ്വാനം തന്നെയാണ് ഈ സിനിമ. ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ പടം ഉപേക്ഷിക്കാമെന്നും ഇതിലെ നായകന്മാരെ വെച്ച് വേറെ രണ്ടോ മൂന്നോ പടം ചെയ്യാമെന്നും ഞാൻ പറഞ്ഞതാണ്. അതായിരുന്നു റിസ്ക് കുറവുള്ള സംഗതി. എന്നിട്ടും ജൂഡ് ഈ സിനിമ ഒരു സംഭവമാകുമെന്ന വിശ്വാസത്തിൽ നിന്നു’’ – ആന്റോ പറഞ്ഞു.
ചിത്രത്തിന്റെ ദൃശ്യമികവ് ജൂഡിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഛായാഗ്രാഹകൻ അഖിലിന്റെ പ്രതികരണം. ‘പടം എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് ജൂഡേട്ടനും മണിച്ചേട്ടനും (പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്) കൃത്യമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ചെയ്യേണ്ട ജോലിയേ എനിക്കുണ്ടായിരുന്നുള്ളൂ’-അഖിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C