മൊറോക്കോ : മൊറോക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മൊറോക്കൻ ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരുടെ എണ്ണം 1200 ലെത്തി എന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ് ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യമാണ് കണക്കിലെടുക്കാൻ കഴിയുന്നത്. കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ സംഭരിച്ചിട്ടുള്ള ബ്ലഡ്കളുടെ എണ്ണം കുറയുന്ന സാഹചര്യമാണ് ഇപ്പോൾ കണക്കാക്കുന്നത്. ആരോഗ്യ വിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും എല്ലാ തയ്യാറെടുപ്പോട് കൂടി സജ്ജമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 11. 11 ഓടെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടർ ചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാന ചലനത്തെക്കാൾ തീവ്രത കുറവായിരുന്നുവെന്നും പ്രകമ്പനങ്ങളുടെ തീവ്രത കുറഞ്ഞ അവസാനിക്കാനാണ് സാധ്യത എന്നും മൊറോക്കോയുടെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി ലാഹ്സെൻ മാന്നി പറഞ്ഞു. അതേസമയം സുനാമി സാധ്യത നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂകമ്പത്തിന് പിന്നാലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. മൊറോക്കൻ നഗരമായ മാറാകേഷിലാണ് ഭൂകമ്പം ഏറ്റവും അധികം ബാധിക്കപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ ഇവിടെ തകർന്നു. പൗരാണിക പ്രൗഢിയുള്ള കെട്ടിടങ്ങൾ പലതും പൂർണമായോ ഭാഗികമായോ തകർന്നതായാണ് കാണക്കാക്കുന്നത്. എങ്ങും ഭൂകമ്പം ബാധിക്കപ്പെട്ടവരുടെ കാഴ്ചകൾ മാത്രമാണ് നഗരത്തിലുടനീളം. വീടിനുള്ളിൽ കിടന്നാൽ തകർന്നു വീഴുമെന്ന് ഭയമുള്ളതിനാൽ പലരും തെരുവുകളിലാണ് കിടന്നുറങ്ങുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ആഘാതത്തിൽ ജീവൻ നഷ്ടമായതായാണ് കണക്കാക്കപ്പെടുന്നത്.
വിവിധ രാഷ്ട്ര തലവന്മാർ മൊറോക്കോയുടെ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. പല രാഷ്ട്രങ്ങളും സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഭൂകമ്പത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കൂടാതെ യുഎസ് പ്രസിഡന്റ് ജോബൈഡൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തുടങ്ങി നിരവധി രാഷ്ട്ര തലവന്മാർ ദുഃഖം രേഖപ്പെടുത്തി. ഇസ്രായേലിൽ നിന്ന് വലിയൊരു സംഘത്തെ മൊറോക്കോയ്ക്ക് സഹായവുമായി അയയ്ക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ യു കെയും സഹായത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C