വാഹനങ്ങൾ സമ്മാനിച്ച് ‘ജയിലർ’ ആഘോഷം തുടരുന്നു

ജയിലർ ടീമിന് ആ‍ഡംബര കാറുകൾ സമ്മാനിച്ച് കലാനിധി മാരൻ. രജനികാന്തിനും സംവിധായകൻ നെൽസണും പിന്നാലെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനും പോർഷെ നൽകി കലാനിധി മാരൻ. 600 കോടിയും കടന്നു മുന്നേറുന്ന ജയിലറിന്റെ അവിസ്മരണീയ സംഗീതം തീർത്ത സംഗീതസംവിധായകന് പോർഷെയുടെ മാക്കാൻ എസ്‍യുവിയാണ് സൺ പിക്‌ചേഴ്‌സിന്റെ സമ്മാനം. ‌രജനിക്ക് ബിഎംഡബ്ല്യു എക്സ് 7, നെൽസണിന് പോർഷെ എന്നിവയാണ് സമ്മാനിച്ചത്.

ബിഎംഡബ്ല്യു ഐ എക്സ്, ബിഎംഡബ്ല്യു എക്സ് 5, പോർഷെ മാക്കാൻ തുടങ്ങിയ വാഹനങ്ങൾ നെൽസണെ കാണിക്കാൻ കൊണ്ടുവന്നിരുന്നു അതിൽ നിന്ന് പോർഷെയാണ് ജയിലർ സംവിധായകൻ തിരഞ്ഞെടുത്തത്. മൂന്നു വാഹനങ്ങളിൽ നെൽസൺ കയറുന്നതിന്റെയും പോർഷെയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വിഡിയോ സൺപിക്ച്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. പുതിയ കാർ സമ്മാനിച്ചതിന് സൺപിക്ച്ചേഴ്സിനുള്ള നന്ദിയും നെൽസൺ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിട്ടുണ്ട്.

മാക്കാൻ, മാക്കാൻ എസ്, മാക്കാൻ ജിടി എന്നീ മോഡലുകൾ പോർഷെയുടെ ലൈനപ്പിലുണ്ട്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് മാക്കാനിൽ. 265 പിഎസ് കരുത്തും 400 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. വേഗം നൂറു കടക്കാൻ 6.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം 232 കിലോമീറ്റർ. 88.06 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്നു ലീറ്റർ ട്വൻ ടർബോ വി6 എൻജിനാണ് മറ്റു രണ്ടു മോഡലുകൾക്കും. അതിൽ മാക്കാൻ എസ് 380 പിഎസ് കരുത്തും 520 എൻഎം ടോർക്കും നൽകുമ്പോൾ ജിടിഎസിന് 440 പിഎസ് കരുത്തും 550 എൻഎം ടോർക്കുമുണ്ട്. 4.8 സെക്കൻഡിൽ മാക്കാൻ എസിന്റെ വേഗം നൂറ് കടക്കും. ഉയർന്ന വേഗം മണിക്കൂറിൽ 259 കിലോമീറ്റർ. ജിടിഎസിന്റെ ഉയർന്ന വേഗം 272 കിലോമീറ്ററാണ്. വേഗം മൂന്നക്കം കടക്കാൻ വെറും 4.5 സെക്കൻഡ് മാത്രം മതി. മാക്കാൻ എസിന്റെ എക്സ്ഷോറൂം വില 1.43 കോടിയും മാക്കാൻ ജിടി എസിന്റെ 1.53 കോടിയും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *