ദുബായ് : ഫ്യൂച്ചർ ഫിറ്റ്സീൽ പുരസ്കാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജിഡിആർഎഫ്എ)യ്ക്ക് ലഭിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജിഡിആർഎഫ്എയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന സ്മാർട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമായത്. വിമാനത്താവളത്തിലെ ബയോമെട്രിക് ഫിംഗർ പ്രിന്റ് സംവിധാനം, സ്മാർട് ഗേറ്റ് ഉൾപ്പെടെ നടപ്പാക്കിയ ഡിജിറ്റൽ പരിഷ്കാരങ്ങൾ മുൻനിർത്തിയാണ് അവാർഡ്.
നാളെയുടെ സാങ്കേതിക വിദ്യകൾ ഇന്നു നടപ്പാക്കി പൊതുമേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നതിനുള്ള ഫ്യൂച്ചർ ഫിറ്റ്സീൽ പുരസ്കാരം യുഎഇയുടെ വികസന, ഭാവികാര്യ മന്ത്രി ഒഹൂദ് ബിൻത് ഖൽഫാൻ അൽ റൗമി ജിഡിആർഎഫ്‌എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിക്കു സമ്മാനിച്ചു.
ഇമിഗ്രേഷൻ ഗേറ്റിൽ നീണ്ട കാത്തുനിൽപ് ഒഴിവാക്കി സ്മാർട് ഗേറ്റുകൾ വഴി ആളുകൾക്ക് പുറത്തേക്കു കടക്കാനുള്ള സംവിധാനം ജിഡിആർഎഫ്എ നടപ്പാക്കിയതു സുപ്രധാന ചുവടുവയ്പായിരുന്നു. യാത്രക്കാരുടെ വിവരങ്ങൾ വിശകലനം ചെയ്തു സ്മാർട് ഗേറ്റ് വഴി നിമിഷങ്ങൾക്കകം ഇമിഗ്രേഷൻ പൂർത്തിയാക്കുന്ന സംവിധാനം വിമാനത്താവളത്തിലെ നീളൻ ക്യൂവാണ് ഇല്ലാതാക്കിയത്. സ്മാർട്ട് ഗേറ്റുകൾ വിമാനത്താവളത്തിനു നൽകിയത് 12.1 കോടി ദിർഹത്തിന്റെ സാമ്പത്തിക നേട്ടമാണ്.
ഭാവിയുടെ സാങ്കേതിക വിദ്യകളിലൂടെ സർക്കാർ നടപടികൾ കാര്യക്ഷമമാക്കുന്ന സ്ഥാപനങ്ങൾക്കു നൽകുന്നതാണ് ഫ്യൂച്ചർ ഫിറ്റ്സീൽ അവാർഡ്. നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രാദേശിക സർക്കാർ സ്ഥാപനമാണ് ജിഡിആർഎഫ്എ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C