ജനീവ : ഇനി ആഗോളതാപനമല്ല, ആഗോള തിളപ്പ്. 1.2 ലക്ഷം വർഷങ്ങൾക്കിടെ ഭൂമിയിൽ ഇത്രയും ചൂട് ആദ്യം. യൂറോപ്പിലും യുഎസിലും ആഫ്രിക്കയിലും ഉഷ്ണക്കാറ്റു വീശി ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ മാറിയതോടെ ആഗോള താപനം ആഗോള തിളപ്പ് ആയി മാറിയെന്ന് യുഎൻ മുന്നറിയിപ്പു നൽകി.
ഗ്ലോബൽ വാമിങ് (ആഗോളതാപനം) കാലഘട്ടത്തിന് അന്ത്യമായെന്നും അതിനും മീതേ ഗ്ലോബൽ ബോയിലിങ് (വെന്തുരുകൽ) യുഗം വന്നെത്തിയെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നു ഗുട്ടെറസ് ചൂണ്ടിക്കാട്ടി. താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ കവിയാതെ പിടിച്ചുനിർത്താൻ ഇനിയും കഴിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കഴിഞ്ഞ 1.2 ലക്ഷം വർഷങ്ങൾക്കിടെ ഭൂമിയിൽ ഇത്രയും ചൂട് ആദ്യമാണെന്ന് ജർമനിയിലെ ലൈപ്സിഗ് യൂണിവേഴ്സിറ്റി പുറത്തുവിട്ട വിശകലനത്തിലുണ്ട്. ശൈത്യമേഖല ഉൾപ്പെടെ കണക്കിലെടുത്താലും ജൂലൈ മാസത്തിലെ ആഗോള ശരാശരി താപനില 16 സെൽഷ്യസ് ആയിരുന്നു ഇതുവരെ. ഇത്തവണ അതു 17 സെൽഷ്യസിലേക്ക് ഉയർന്നു.
കാലാവസ്ഥ വ്യതിയാനത്തിൽ തന്നെ വലിയ മാറ്റമാണിത്. മരുഭൂമികളിൽ രാത്രി ചൂടു കുറഞ്ഞു തണുപ്പു പരക്കുന്ന പതിവിനും ഈ മാസം മാറ്റമുണ്ടായി. യുഎസിലെ കലിഫോർണിയയിലുള്ള ഡെത്ത് വാലിയിൽ ഈ വർഷത്തെ ഏറ്റവും വലിയ രാത്രിച്ചൂടാണ് ഈ മാസം അനുഭവപ്പെട്ടത്. ധ്രുവപ്രദേശമായ അന്റാർട്ടിക്കയിൽ വരെ ചൂടനുഭവപ്പെടുന്നെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇതേസമയം, ഇന്ത്യയും പാക്കിസ്ഥാനും ജപ്പാനും ദക്ഷിണ കൊറിയയും വെള്ളപ്പൊക്ക ദുരിതത്തിലുമായി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C