ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റിൽ കെഎസ്ആർടിസി സർവീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. പമ്പ ശ്രീരാമസാകേതം ഹാളിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സൈറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അതേസമയം, ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *